Sunday, August 23, 2009

പര്‍ദ്ദ എന്ത്‌ കൊണ്ട്‌ എതിര്‍ക്കപ്പെടണം- ചില ചിന്തകള്‍

ജന്മഭൂമി ദിനപ്പത്രത്തില്‍ വായിച്ച "പര്‍ദ്ദ എന്ത്‌ കൊണ്ട്‌ എതിര്‍ക്കപ്പെടണം" എന്ന തലക്കെട്ടില്‍ സെയ്ത്‌ മുഹമ്മദ്‌ എന്ന ലേഖകന്‍ എഴുതിയ ലേഖനം ഉയര്‍ത്തുന്ന ചില ചിന്തകളാണ്‌ ഈ കുറിപ്പിനു ആധാരം.

പല വിഷയങ്ങളെക്കുറിച്ചും കാടടച്ച്‌ വെടി വെക്കുന്ന ലേഖനം തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌ "ബുര്‍ഖ അടിമത്വത്തിന്റേയും അപമാനത്തിന്റേയും പ്രതീകമാണ്‌. സമൂഹ്യ ജീവിതത്തില്‍ നിന്ന്‌ ഒറ്റപ്പെട്ട്‌ വ്യക്തിത്വം നഷ്ടപ്പെടുത്തി ഒരു മറക്ക്‌ പിറകില്‍ തടവുകാരെപ്പോലെ മുസ്ലിം സ്ത്രീകള്‍ ബുര്‍ഖക്കുള്ളില്‍ ഒതുങ്ങിക്കൂടുന്നത്‌ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, എന്നിവ അംഗീകരിക്കുന്ന ഇന്നത്തെ ആധുനിക ലോകത്തിന്‌ യോജിച്ചതല്ല. ഫ്രഞ്ച്‌ പ്രസിഡണ്ട്‌ നിക്കോളാസ്‌ സര്‍ക്കോസിയുടെ ഈ അഭിപ്രായ പ്രകടനം ശരിയായ അര്‍ത്ഥത്തില്‍ സ്വീകരിക്കപ്പെടേണ്ടതാണ്‌."
ലേഖകന്‍ നിക്കോളാസ്‌ സര്‍ക്കോസിയെ ഉദ്ധരിച്ചത്‌ വളരെ സമയോചിതവും യുക്തവുമാണെന്ന്‌ ഏവര്‍ക്കും മനസ്സിലാവണമെങ്കില്‍ ഈ ലേഖനം ജന്മഭൂമി പ്രസിദ്ധീകരിക്കുന്നതിനു ഒരാഴ്ച മുമ്പുള്ള മാതൃഭൂമി ദിനപ്പത്രത്തിന്റെ ഒന്നാം പേജില്‍ വെറും ട്രൌസര്‍ മാത്രം ധരിച്ച്‌ സര്‍ക്കോസിയും അര്‍ദ്ധ നഗ്നയായ ഭാര്യ കാര്‍ലയും ഒഴിവ്‌ ദിനം പങ്കിടാന്‍ പൊതു ജനത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെട്ട കളര്‍ ചിത്രം ഒന്ന്‌ ഓടിച്ച്‌ കാണുന്നത്‌ നന്നായിരിക്കും.

ഇതിനെയാണ്‌ ശരിക്കും "ചാരിത്ര്യ പ്രസംഗം" എന്ന ഉപമ കൊണ്ടലങ്കരിക്കേണ്ടത്‌. മറ്റു പ്രസിദ്ധീകരണങ്ങള്‍ കാണുകയോ വായിക്കുകയോ ചെയ്യാത്ത ലേഖകന്റെ തെരഞ്ഞെടുപ്പ്‌ പാടവം അപാരമെന്നല്ലാതെ മറ്റെന്ത് പറയാന്‍.

കുത്തഴിഞ്ഞ ലൈംഗിക പ്രത്യയശാസ്ത്രത്തിന്റെ വക്താവും പിന്‍ഗാമിയുമായ സര്‍ക്കോസിയെ നമുക്ക്‌ വെറുതെവിടാം കാരണം ഇസ്ലാമിക സമൂഹത്തിന്‌ ധാര്‍മിക മൂല്യം ഉപദേശിക്കാനും മാത്രമുള്ള സംസ്കാരിക ഔന്നത്യം അദ്ദേഹത്തിനോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആധുനികതയ്ക്കോ ഇല്ല.
ഇനി നമുക്ക്‌ ആരോപണ വിഷയത്തിലേക്ക്‌ കടക്കാം.
ബുര്‍ഖ അടിമത്വത്തിന്റേയും അപമാനത്തിന്റേയും പ്രതീകമാണെന്നും അത്‌ മുസ്ലിം സ്ത്രീകളെ സമൂഹ്യ ജീവിതത്തില്‍ നിന്ന്‌ ഒറ്റപ്പെടുത്തി വ്യക്തിത്വം നഷ്ടപ്പെടുത്തി ഒരു മറക്ക്‌ പിറകില്‍ തടവുകാരെപ്പോലെ ആക്കുന്നുവെന്നുമാണ്‌ ആരോപണം.
പക്ഷപാത പരമായ ഈ ആരോപണം ഉന്നയിക്കുന്ന ആധുനിക ലോകത്തിന്റെ അപ്പോസ്തലന്മാരോട്‌ ഒരു ലളിതമായ സംശയം ചോദിക്കട്ടെ. ആധുനിക ലോകത്തെ നിയന്ത്രിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യുന്ന തിരു സഭയിലെ കന്യാസ്ത്രീകളുടെ വസ്ത്രധാരണ രീതിയും ഒരു മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണ രീതിയും തമ്മില്‍ എന്ത്‌ വ്യത്യാസമാണ്‌ നിങ്ങള്‍ കാണുന്നത്‌?
ഒരു കന്യാസ്ത്രീയുടെ വസ്ത്രം അവരുടെ ജീവിതം തന്റെ കര്‍ത്താവിന്‌ പൂര്‍ണ്ണമായും സമര്‍പ്പിച്ചതിന്റെ അടയാളമാണ്‌. അതിനാല്‍ ആളുകള്‍ അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവരെ തിരിച്ചറിയാനുള്ള അടയാളമാണത്‌. അപ്രകാരം മുസ്ലിം സ്ത്രീയുടെ പര്‍ദ്ദയും അല്ലാഹുവിനോടുള്ള അനുസരണത്തിന്റേയും, വിധേയത്വത്തിന്റേയും പ്രകാശനമാണ്‌.
പക്ഷെ കന്യാസ്ത്രീയുടെ വസ്ത്രത്തെ ആദരിക്കുന്ന ആളുകള്‍ മുസ്ലിം സ്ത്രീയുടെ പര്‍ദ്ദയെ വിമര്‍ശിക്കുന്നത്‌ ഇരട്ടത്താപ്പാണെന്നത്‌ മാത്രമല്ല, അതിനെ ഒരു അടയാളമായി കാണുന്നതിന്‌ പകരം മത തീവ്രതയായും സ്ത്രീവിരുദ്ധതയുടെ കൊടിയടയാളമായും കാണുന്നത്‌ ഇസ്ലാമിനോടുള്ള അസഹിഷ്ണുതയല്ലാതെ മറ്റൊന്നുമല്ല.
ഇനി ആധുനിക ലോകത്തെ ചൊടിപ്പിക്കുന്ന പ്രസ്തുത 'പര്‍ദ്ദ' എന്ന വസ്ത്രത്തെക്കുറിച്ച്‌ ചിന്തിക്കാം.
മനുഷ്യനിലെ ലജ്ജാബോധം ഉണര്‍ന്നപ്പോഴാണ്‌ മനുഷ്യസംസ്കാരത്തിന്റെ തുടക്കം എന്നാണ്‌ വിശേഷ ബുദ്ധിയുള്ള പല മനുഷ്യരും നാളിത്‌ വരെ മനസ്സിലാക്കി വന്നിട്ടുള്ളത്‌.
തന്റെ ശാരീരികമായ ആഗ്രഹങ്ങളും അഭിലാഷങ്ങളും പൂര്‍ത്തീകരിക്കുക മാത്രമാണ്‌ മനുഷ്യന്റെ ഉദ്ദേശ്യമെങ്കില്‍ അവന്‍ മൃഗത്തില്‍ നിന്ന്‌ ഏറെയൊന്നും വ്യത്യസ്‌തനല്ല.
ഒരു സമൂഹത്തിന്റെ സ്വഭാവരീതികള്‍, ജീവിതരീതികള്‍, കലാചാതുര്യം, വസ്ത്രധാരണം, ഭാഷ, ആചാരങ്ങള്‍, വിനോദങ്ങള്‍, വിശ്വാസരീതികള്‍ തുടങ്ങിയവയെല്ലാതിന്റെയും ആകെ തുകയാണ്‌ ആ സമൂഹത്തിന്റെ സംസ്‌കാരം. ഒരു സമൂഹത്തിന്റെ സംസ്‌കാരം പൊതുവായ മാനുഷിക മൂല്യങ്ങളോട്‌ ചേര്‍ന്നു നില്‍ക്കുകയാണെങ്കില്‍ നമുക്കതിനെ പരിഷ്കൃത സമൂഹം എന്നു വിളിക്കാം.
ഇനി ചിന്തിക്കുക..

വസ്ത്രമുടുക്കുന്നതോ അതോ അല്‍പ്പവസ്ത്രമുടുക്കുന്നതോ പരിഷ്‌കാരം??
ഇതിനു ഉത്തരം തേടണമെങ്കില്‍ ആദ്യം വസ്ത്രധാരണം എന്താണെന്നറിയണം. ശരീരത്തെ വസ്ത്രം ഉപയോഗിച്ച്‌ മറച്ചു പിടിക്കുക എന്നതാണ്‌ വസ്ത്രധാരണം കൊണ്ടുദ്ദേശിക്കുന്നത്‌. നഗ്നനായിരുന്ന മനുഷ്യന്‌ വിവേകമുദിച്ചതോടെയാണ്‌ താന്‍ വേട്ടയാടിപ്പിടിച്ച മൃഗങ്ങളുടെ തോലിലും, മരത്തിന്റെ തോലിലും നഗ്നത ഒളിപ്പിക്കാന്‍ അവന്‍ ശ്രമിച്ചത്‌. അതിനു ശേഷം വസ്ത്രങ്ങളുടെ നിര്‍മ്മാണം അവനെ പരിഷ്‌കൃതിയിലെത്തിച്ചു.
എന്നാലിന്നു മനുഷ്യന്‍ പിന്നോട്ട്‌ നടക്കുകയാണ്‌.. മരത്തോലും...മൃഗത്തോലും പിന്നിട്ടു...വീണ്ടും പഴയ നഗ്നതയിലേക്ക്‌...

വസ്ത്രം അസ്വാതന്ത്ര്യത്തിന്റെ രൂപകമായി തുടങ്ങിയത്‌ എന്ന്‌ മുതല്‍ക്കാണെന്ന്‌ ഒന്നു ചിന്തിക്കുക.
സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചുള്ള പുരുഷാധിപത്യ ലോകത്തിന്റെ ദുഷ്ട ലാക്ക്‌, ‘സ്ത്രീ സമത്വം‘ ഉണ്ടെന്നു പറയപ്പെടുന്ന ഇക്കാലത്ത്‌ പോലും ഒട്ടും വ്യത്യസ്തമല്ല. സ്ത്രീ ശരീരത്തെ വെറുമൊരു ഉപഭോഗ വസ്തുവായി മാത്രം ,തന്റെ കാഴ്ചയുടെ ഇഷ്ടത്തിനനുസരിച്ച്‌ അവളുടെ വസ്ത്രങ്ങളെ നിര്‍വ്വചിക്കുകയും ചെയ്യേണ്ടത്‌ ആധുനിക പുരുഷന്റെ സ്വാര്‍ത്ഥതയല്ലാതെ മറ്റെന്താണ്?

പര്‍ദ്ദ നല്‍കുന്ന സുരക്ഷിതത്വത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും പുറത്ത്‌ നിന്ന്‌ കാണുന്ന ഒരാള്‍ക്ക്‌ സങ്കല്‍പ്പിക്കാനാവില്ല. അതു മുസ്ലിം സ്ത്രീയുടെ വ്യക്തിത്വ പ്രകാശനവും വിശ്വാസ വിളംബരവുമാണ്‌.
പുരുഷ മേധാവിത്വ നിയമമായ ബഹു ഭാര്യാത്വം മൂലമാണ്‌ പര്‍ദ്ദ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നത്‌ എന്ന ലേഖകന്റെ കണ്ടെത്തല്‍ തികച്ചും അബദ്ധ ജടിലമാണ്‌. അന്യ പുരുഷന്മാരില്‍ നിന്ന്‌ ശരീരം മറച്ച്‌ വെക്കണമെന്നാണ്‌ ഇസ്ലാം സ്ത്രീയോട്‌ ആവശ്യപ്പെട്ടിരിക്കുന്നതു. ഒപ്പം അന്യസ്ത്രീകളില്‍ നിന്ന്‌ തങ്ങളുടെ ദൃഷ്ടിയെ താഴ്ത്താനും പുരുഷന്മാരോട്‌ ആവശ്യപ്പെട്ടിരിക്കുന്നു എന്നുള്ളിടത്താണ്‌ ഇസ്ലാമിന്റെ ലിംഗ സമത്വം. നമ്മുടെ സമൂഹത്തില്‍ സംഭവിച്ച്‌ കൊണ്ടിരിക്കുന്ന അസാധാരണമായ ലൈംഗിക അതിക്രമങ്ങളേയും കുറ്റ കൃത്യങ്ങളേയും നിരീക്ഷിക്കുക. പുരുഷന്മാര്‍ക്ക്‌ ധാര്‍മ്മികമായി ഉത്ബോധനം നല്‍കിയത്‌ കൊണ്ട്‌ മാത്രം അതിനെ തടയാനാവില്ല. അതിനുള്ള പരിഹാരം ഇസ്ലാം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നിര്‍ദ്ദേശിച്ച ഇസ്ലാമിക ജീവിത രീതി തന്നെയാണ്‌.
പര്‍ദ്ദ ധരിക്കുകയും സാധ്യമാകുന്നത്ര പുരുഷന്മാരുമായി ഇടപഴകുന്നത്‌ ഒഴിവാക്കുകയുമാണ്‌ ആ ജീവിത രീതിയുടെ മുഖമുദ്ര.

പര്‍ദ്ദ ധരിച്ച ഭാര്യമാര്‍ അന്യപുരുഷന്മാരോടൊപ്പം കറങ്ങുന്നു എന്നു വിമര്‍ശിക്കുമ്പോള്‍ അതിനുള്ള തെളിവുകളും തരാന്‍ ലേഖകന്‌ കഴിയണം. കാടടച്ച്‌ വെടി വെക്കുമ്പോള്‍ പറയുന്ന കാര്യത്തിന്റെ വിശ്വാസ്യത അളക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടി ബഹുമാന്യ ലേഖകന്‍ ഓര്‍ക്കേണ്ടിയിരുന്നു.

ലേഖകന്റെ തിയറം തന്നെ പൊള്ളത്തരമായിരിക്കെ സന്ദര്‍ഭത്തില്‍ നിന്ന്‌ അടര്‍ത്തി മാറ്റിയ വി. ഖുര്‍ആനിലെ അന്നിസാഅ്‌ എന്ന അധ്യായത്തിലെ വാക്യം 24-ന്റെ നിര്‍വ്വചനം തികച്ചും മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യെത്തെക്കുറിച്ചും 114 അധ്യായങ്ങളില്‍ ഒരു അധ്യായം തന്നെ മാറ്റി വെച്ച ഖുര്‍ആന്‍, വിവാഹ ബന്ധം നിഷേധിക്കപ്പെട്ട സ്ത്രീ വിഭാഗത്തെ ക്കുറിച്ചും വിവാഹം അനുവദനീയമായവര്‍ക്ക്‌ നല്‍കേണ്ട പുരുഷ ധനത്തെക്കുറിച്ചും പറയുന്നിടത്താണ്‌ പ്രസ്തുത പരാമര്‍ശം.
വിഷയത്തിന്റെ കാതലും, ശരിയായ അര്‍ത്ഥവും ഗ്രഹിക്കുന്നതിനു ലേഖകന്‍ നല്ലൊരു ഖുര്‍ആന്‍ തര്‍ജ്ജമ വാങ്ങി വായിക്കുക എന്നു മാത്രമാണ്‌ ഇവിടെ പറയുവാനുള്ളത്‌. കാരണം ലേഖകന്‍ നിരത്തിയിരിക്കുന്ന പ്രസ്താവന ഖുര്‍ആന്‍ വാക്യത്തിന്റെ അര്‍ത്ഥത്തോടു ഒട്ടും യോജിക്കുന്നില്ല എന്നത്‌ തന്നെ.

പിന്നീടങ്ങോട്ട്‌ ലേഖകന്‍ നടത്തുന്ന വികാരവിജ്രംഭണത്തോടെയുള്ള ആക്രമണങ്ങള്‍ തെല്ലും വക വെക്കേണ്ടതില്ല. തെളിവുകളോ ലോജിക്കോ ഇല്ലാത്ത കേവല ആരോപണങ്ങള്‍ മുത്‌അ യും മുത്തലാക്കും, അഞ്ച്‌ നേരത്തെ നിസ്ക്കാരവു, സുന്നി മുജാഹിദ്‌ ഭള്ള്‌ വിളികളുമായി നീങ്ങി ഒടുവില്‍ ദൈവ സൃഷ്ടിപ്പില്‍ തന്നെ ചില ബൌദ്ധികപരമായി നിര്‍ദ്ദേശങ്ങള്‍ ദൈവത്തിന്‌ കൊടുത്ത്‌, ബൈബിളിനേയും ലൂത്ത്‌ നബിയേയും ചീത്ത വിളിച്ച്‌ ഒടുവില്‍ വീണ്ടും ബഹു ഭാര്യത്വതിലെത്തി നില്‍ക്കുന്നു.

ഇതിനെല്ലാം പരിഹാരമായി, ഒടുവില്‍ സെയ്ത്‌ മുഹമ്മദിന്‌ വേണ്ട ന്യായമായ ആവശ്യം "ബഹു ഭര്‍ത്വത്തം" എന്ന ഉദാത്ത ഭാരതീയ സങ്കൽപ്പത്തിന്‍റെ പുനരാവിഷ്കാരമാണ്. അതായത്, ഭാരതം നിറയെ എണ്ണമറ്റ പാഞ്ചാലിമാരെ മുട്ട വെച്ച്‌ വിരിയിക്കുക.
സെയ്തിനും ജന്മഭൂമിക്കും എല്ലാ വിധ ആശംസകളോടെ...
============================================================
ചോദിക്കുന്ന ചോദ്യം തന്നെ തിരിച്ച്‌ ചോദിക്കാന്‍ ഏറെ അര്‍ഹതയുള്ള ഒരു ധാര്‍മിക മൂല്യത്തിന്റെ പിന്‍ബലം ഇസ്ലാമിനുണ്ട്‌.
ചോദ്യം ഇതാണ്‌

"നൂലിന്‌ പോലും തുണിയുടുക്കാത്തവന്‌ തുണി ഉടുത്തവനെ വിമര്‍ശിക്കാന്‍ എന്ത്‌ ധാര്‍മികതയാണുള്ളത്‌"?


നിക്കോളാസ് സര്‍ക്കോസിയുടെ സദാചാരബോധം അടുത്തറിയണമെങ്കില്‍ വെറുതെ ആ പേര് നെറ്റില്‍ സേര്‍ച്ച് ചെയ്താല്‍ മതി..
എന്നിട്ടു വായനക്കാരന് തീരുമാനിക്കാം ഇസ്ലാമിനെ വിമര്‍ശിച്ച് നന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവന്‍റെ മഹിമയും സംസ്കൃതിയും..
ഒരു ചെറിയ സാമ്പിള്‍...


സര്‍ക്കോസിക്ക് സിഖ് തലപ്പാവ് ഊരണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്ന് തോന്നുന്നു. സര്‍ദാര്‍ ഫലിതങ്ങള്‍ ഒരു പാട് വായിച്ചത് കൊണ്ട്, സിഖുകാരുടെ തലയില്‍ കാഴ്ച്ചക്ക് കാരണമായി ഒന്നുമില്ലെന്നാണോ സര്‍ക്കോസി ഉദ്ദേശിച്ചത്?


സര്‍ക്കോസി നിര്‍വ്വചിക്കുന്ന സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, എന്നിവ അംഗീകരിക്കുന്ന ഇന്നത്തെ ആധുനിക ലോകത്തിന്റ്റെ മൂല്യ ബോധം ഇന്നെവിടെ എത്തി നില്‍ക്കുന്നു എന്ന് കാണുക.. (ഭൈരവന് കടപ്പാട്)

No comments:

Post a Comment